.

ആലി മുസ്ലിയാര്‍

മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്താണ്‌ 1850 ല്‍ ആലി മുസ്ലിയാര്‍ ജനിച്ചത്‌. ബ്രിട്ടീഷുകാരും മാപ്പിളമാരും തമ്മില്‍ 1891 ല്‍ മണ്ണാര്‍ക്കാടും 1896 ല്‍ മഞ്ചേരിയിലും നടന്ന കലാപത്തെ തുടര്‍ന്ന്‌ സ്വന്തം സഹോദരനടക്കം ബ്രിട്ടീഷ്‌ ഗവര്‍മെന്റിനാല്‍ രക്ത സാക്ഷികളായതിനെ തുടര്‍ന്ന്‌ ആലി മുസ്ലിയാര്‍ ബ്രിട്ടനെതിരെ പോരാടുന്ന മുസ്ലിം യുവതലമുറയെ നയിക്കാന്‍ ലക്ഷ്വദ്വീപിലെ ഖാസി സ്ഥാനം ഉപേക്ഷിച്ചു നാട്ടിലെത്തി. തനെ ബന്ധുവായ വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദാജിയുമായി ചേര്‍ന്ന്‌ ബ്രിട്ടീഷ്‌ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു. ഖിലാഫത്ത്‌ പ്രസ്ഥാനത്തിലും കോണ്‍ഗ്രസിലും ചേര്‍ന്ന ആലി മുസ്ലിയാര്‍ തിരൂരങ്ങാടിയിലെ ഖിലാഫത്ത്‌ കമ്മറ്റിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. സ്വാതന്ത്രസമരാനുകൂലികളായ മാപ്പിളമാരെ ഉപദ്രവിക്കല്‍ ബ്രിട്ടീഷ്‌ പോലീസിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കും ഒരു വിനോദമായി മാറിക്കൊണ്ടിരുന്നപ്പോള്‍ സ്വത്തും ജീവനും സംരക്ഷിക്കാന്‍ വളണ്ടിയര്‍ സംഘടനയുണ്ടാക്കിയും ആയുധ പരിശീലനം നേടാന്‍ അനുയായികള്‍ക്ക്‌ മുസ്ലിയാര്‍ നേതൃത്വം നല്‍കി. അതോടപ്പം സായുധ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ അദ്ധേഹം സദാ പരിശ്രമിക്കുകയും ചെയ്തു. ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ മുഖ്യ ശത്രുവായി മാറിയ മുസ്ലിയാരെ അറസ്റ്റ്‌ ചെയ്യുവാന്‍ 1921 ല്‍ ആഗസ്തില്‍ കോഴിക്കോടു നിന്നുമെത്തിയ സായുധ പട്ടാളക്കാര്‍ക്ക്‌ ആലി മുസ്ലിയാരെ ലഭിച്ചില്ലെങ്കിലും സ്വാതന്ത്ര്യ സമരത്തിന്റെ ചേരിയില്‍ അണി നിരന്ന മുസ്ലിയാരുടെ ചില അനുയായികളെ അറസ്റ്റ്‌ ചെയ്യുവാന്‍ സാധിച്ചു. മമ്പുറം, തിരൂരങ്ങാടി തുടങ്ങിയ പള്ളികള്‍ തകര്‍ക്കപ്പെട്ടു എന്ന കുപ്രചരണം നടത്തി മാപ്പിളമാരെ പ്രകോപിപ്പിച്ച്‌ അടിച്ചമര്‍ത്താന്‍ ബ്രിട്ടന്റെ പട്ടള കുതന്ത്രങ്ങള്‍ക്ക്‌ കഴിഞ്ഞു.ഖിലാഫത്ത്‌ പതാകയുമായി വന്ന ജനക്കൂട്ടത്തിനു നേരെ പട്ടാളക്കാര്‍ വെടിവെച്ചതിനു തുടര്‍ന്ന്‌ ഒമ്പത്‌ പേര്‍ മരിച്ചു. ഖിലാഫത്ത്‌ സെക്രട്ടറി അടക്കം പലരേയും അറസ്റ്റ്‌ ചെയ്തു. അറസ്റ്റ്‌ ചെയ്തവരെ വിട്ടയക്കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ ആലി മുസ്ലിയാരുടെ നേതൃത്വത്തില്‍ എത്തിയ നിരായുധരായ ജനക്കൂട്ടത്തിനു നേരെ തിരൂരങ്ങാടിയില്‍ വെച്ച്‌ പട്ടാളം വെടിവെച്ചതിനെ തുടര്‍ന്ന്‌ പ്രകോപിതരായ ജനക്കൂട്ടവും പട്ടാളവും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ മൂന്ന്‌ ഉയര്‍ന്ന പട്ടാള ഓഫീസര്‍മാര്‍ അടക്കം 17 പേര്‍ മരിച്ചു. തുടര്‍ന്ന്‌ പൊലീസുകാര്‍ക്കും പട്ടാളക്കാര്‍ക്കും തോറ്റോടേണ്ടി വന്നു. ഇതേ തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ ഭരണം ഏറനാട്ടില്‍ ഇല്ലാതായി. ഏറനാടിനെ പല ഭാഗങ്ങളായി തിരിച്ച്‌ ഓരോ ഭാഗങ്ങളിലും സമാന്തര ഭരണകൂടങ്ങള്‍ നിലവില്‍ വന്നു. തിരൂരങ്ങാടി ആസ്ഥാനമായ ഗവര്‍മെന്റിന്റെ തലവന്‍ ആലി മുസ്ലിയാരായിരുന്നു . 1921 ആഗസ്റ്റ്‌ 30 ന്‌ വീണ്ടും സായുധ പട്ടാളം തിരുരങ്ങാടി പള്ളി വളഞ്ഞ്‌ വെടിവെപ്പു തുടങ്ങി. 24 പേര്‍ രക്ത സാക്ഷികളായി. പള്ളി തകര്‍ക്കുമെന്ന ഭീഷണിയെ തുടര്‍ന്ന്‌ ആലി മുസ്ലിയാരും പള്ളിക്കുള്ളില്‍ ശേഷിച്ച 37 പേരും പട്ടാളത്തിനു കീഴടങ്ങി. ബ്രിട്ടീഷ്‌ ചക്രവര്‍ത്തിക്കെതിരെ യുദ്ധം ചെയ്തുവെന്ന കുറ്റം ചുമത്തി ആലി മുസ്ലിയാരെ തൂക്കി കൊല്ലാന്‍ ബ്രിട്ടീഷ്‌ പട്ടാള കോടതി വിധിച്ചു. 1922 ഫെബ്രുവരി 2 ന്‌ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇവരെ തൂക്കിലെറ്റി. കോയമ്പത്തൂരിലെ മലയാളികള്‍ മലബാര്‍ മുസ്ലിം അസോസിയേഷന്‍ രൂപീകരിച്ച്‌ തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റു വാങ്ങി കോയമ്പത്തൂര്‍ ശക്രം പേട്ടയിലുള്ള ഖബര്‍സ്ഥാനില്‍ വാന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മറവ്‌ ചെയ്തു. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ പോരാടിയ നിരവധി ഇന്ത്യക്കാരില്‍ നിന്നും വിഭിന്നമായി ബ്രിട്ടീഷ്‌ ഗവര്‍മെന്റിനെതിരെ സ്വതന്ത്ര സമാന്തര സര്‍ക്കാറുണ്ടാക്കിയ കേരളീയരായ ആലി മുസ്ലിയാരും വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദാജിയും ഏതൊരു ദേശാഭിമാനിക്കും വിസ്മരിക്കാന്‍ കഴിയാത്ത വ്യക്തിത്വങ്ങളാണ്‌.

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP