വാരിയന്‍ കുന്നത്തിന്റെ രക്ത രക്തസാക്ഷിത്വത്തിന്‌ 87 വയസ്സ്

മലപ്പുറം: ബ്രിട്ടീഷ്‌ സാമ്രാജ്യത്വവാഴ്ച്ചക്കാലത്ത്‌ ഖിലാഫത്ത്‌ ഭരണം നടത്തിയ വാരിയന്‍കുന്നത്ത്്‌ കുഞ്ഞഹമ്മധാജിയുടെ രക്തസാക്ഷിത്വത്തിന്‌ ഇന്നേക്ക്‌ 87 ആണ്ടു തികയുന്നു. പലര്‍ക്കും അറിയാത്തതും അറിയുന്നവര്‍ ഓര്‍ക്കാത്തതുമായ ഈ ദിവസത്തെ അധികാരികളും തിരിഞ്ഞുനോക്കാറില്ല.

1922 ജനുവരി 20നാണ്‍്‌ ബ്രിട്ടീഷ്‌ പട്ടാളക്കോടതിയുടെ വിധിയനുസരിച്ച്‌ കോട്ടക്കുന്നിന്റെ വടക്കേ ചരിവില്‍ വച്ച്‌ അദ്ദേഹത്തെ വെടിവച്ചുകൊന്നത്‌. മൃതദേഹവും അതോടൊപ്പം സ്വതന്ത്ര ഖിലാഫത്ത്‌ ഭരണകൂടത്തിന്റെ അനേകം രേഖകള്‍ അടങ്ങുന്ന മരംകൊണ്ട്‌ നിര്‍മിച്ച കൂറ്റന്‍ പെട്ടിയും പെട്രോള്‍ ഒഴിച്ച്‌ തീവച്ചു നശിപ്പിച്ചു. എന്നാല്‍, കോട്ടക്കുന്നിന്റെ ചരിവില്‍ അധികാരികള്‍ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിച്ചപ്പോഴും സ്വാതന്ത്യ്രസമര വിപ്ലവകാരിക്ക്‌ നാമമാത്ര സ്മാരകം പണിയാന്‍പോലും ഇതുവരെ തയ്യാറായിട്ടില്ല. പല ഘട്ടങ്ങളിലായി വികസനം നടന്നപ്പോഴൊക്കെ ചരിത്ര കുതുകികളും മലബാര്‍ വിപ്ലവ അനുസ്മരണ സമിതിയുമൊക്കെ ഇക്കാര്യം മുന്നോട്ടുവച്ചിരുന്നെങ്കിലും അധികൃതര്‍ മുഖംതിരിക്കുകയായിരുന്നു. അവസാനഘട്ട വികസന സമയത്ത്‌ പലഭാഗത്തു നിന്നും ഈ ആവശ്യം ഉയര്‍ന്നപ്പോള്‍ ടൂറിസംകേന്ദ്രത്തിന്റെ പ്രധാന കവാടത്തിന്‌ മുമ്പിലോ ഇദ്ദേഹം വെടിയേറ്റു മരിച്ച, ഇപ്പോള്‍ സ്വകാര്യവ്യക്തിയുടെ കൈയിലുള്ള ഭൂമിയേറ്റെടുത്തോ സ്മാരകം നിര്‍മിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.
മരിച്ച സ്ഥലം ഏറ്റെടുക്കാനോ സ്മാരകം നിര്‍മിക്കാനോ അധികൃതര്‍ക്ക്‌ ഇതുവരെ സാധിച്ചിട്ടില്ല; ശ്രമിച്ചിട്ടുമില്ലെന്നതാണു സത്യം. മലപ്പുറം കുന്നുമ്മലിലെ നഗരസഭാ ടൌണ്‍ഹാള്‍ മാത്രമാണ്‌ ഇതിന്‌ അപവാദമായിരിക്കുന്നത്‌. അപ്പോഴും ഹാജി വെടിയേറ്റു മരിച്ച സ്ഥലത്ത്‌ സ്മാരകമെന്ന സ്വപ്നം അവശേഷിക്കുകയാണ്‌. രാജ്യാന്തരമേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലെല്ലാം അതുമായി ബന്ധപ്പെട്ടവരുടെ ഖബറിടങ്ങളും സ്മാരകങ്ങളും തലയുയര്‍ത്തിനില്‍ക്കുമ്പോഴും കാപ്പാട്ട്്‌ സാമ്രാജ്യത്വ അധിനിവേശ നായകന്‍ വാസ്കോഡഗാമയുടെ സ്തൂപവും നിലകൊള്ളുമ്പോഴാണ്‌ ഈ ധീരരക്തസാക്ഷി മലബാര്‍ വിപ്ലവത്തിന്‌ ഊടുംപാവും നല്‍കിയ മലപ്പുറത്തുപോലും അവഗണന നേരിടുന്നത്‌. ചെറുതെങ്കിലും മഹത്തായ ഓര്‍മകള്‍ സമ്മാനിച്ചിരുന്ന അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിരുന്ന മലപ്പുറത്തെ മലബാര്‍ വിപ്ലവ അനുസ്മരണ സമിതിയും ഹാജിയെ മറന്നുകഴിഞ്ഞു.
നിസാര്‍ കാടേരിതേജസ്‌

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal